1. നിങ്ങളുടെ ആശങ്കയെ സാധൂകരിക്കുക: പരീക്ഷാകാലം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരേ പോലെ ഭയം ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. അത് നമ്മുടെ കുറ്റമോ കുറവോ അല്ല.

2. മുൻവിധിയോടെ അല്ലാതെ കാര്യങ്ങളെ കാണാൻ ശ്രമിക്കുക: പരീക്ഷയെ ഭയത്തോടെ കാണുമ്പോഴാണ് അത് നമ്മളെ നിയന്ത്രിക്കുന്ന അവസ്ഥയിൽ എത്തുന്നത്. മറിച്ച്, എത്ര ബുദ്ധിമുട്ടുണ്ടായാലും ഞാൻ വിജയിക്കും എന്ന് സ്വയം മനസ്സിൽ ഉറപ്പിച്ചാൽ ഒരു പരിധി വരെ ഈ ഭയത്തെ മറികടക്കാൻ സാധിക്കും.

3. പ്രായോഗിക മാർഗ്ഗങ്ങൾ കണ്ടെത്തുക: നമ്മൾ നമ്മളെത്തന്നെ വിലയിരുത്തുന്നത് നല്ലതാണ്. നമ്മുടെ പഠന രീതി എങ്ങനെയാണെന്നും, താല്പര്യമുള്ള വിഷയങ്ങൾ ഏതെല്ലാമാണെന്നും, എത്രത്തോളം തയ്യാറെടുത്തുവെന്നും, അതിന്റെ പരിമിതികൾ തിരിച്ചറിഞ്ഞു, ഒരു പ്രായോഗിക മാർഗ്ഗം  കണ്ടെത്തുക.

4. മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക: നമ്മൾ ഓരോരുത്തർക്കും അവരവരുടേതായ വ്യത്യസ്തമായ  സവിശേഷതകളും ഗുണങ്ങളും ഉണ്ട്. അതുകൊണ്ട്, മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്താതിരിക്കുക.

5. തളരാതെ, പരാജയം സമ്മതിക്കാതെ, പരിശ്രമിക്കുക: പരീക്ഷ സമയത്ത് നമ്മൾക്ക് പലവിധ മാനസിക പിരിമുറുക്കങ്ങളും ടെൻഷനും ഉണ്ടായേക്കാം. അവിടെ ഒന്നും തളരാതെ, നമ്മൾ അവയെ നേരിടേണ്ടതാണ്. പഠിക്കാനുള്ള വിഷയങ്ങൾ വായിച്ചും, എഴുതിയും, അതുമായി സംബന്ധിച്ച വീഡിയോസ് കണ്ടും പരിശ്രമിച്ചാൽ, നമുക്ക് അത് സാധിക്കും.

6. നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് ഭയപ്പെടാതെ, നിയന്ത്രണത്തിലുള്ളവയിൽ ശ്രദ്ധകൊടുക്കുക: പരീക്ഷ കാലത്ത് നെഗറ്റീവ് ചിന്തകൾ വരുന്നത് സാധാരണമാണ്. എന്നാൽ, അതിൽ അകപ്പെടാതെ, നമ്മുടെ നിയന്ത്രണത്തിലുള്ള പ്രവർത്തികളിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്യേണ്ടതാണ്.

7.  പരീക്ഷ ഫലങ്ങൾ നമ്മുടെ നിയന്ത്രണത്തിൽ അല്ല: പരീക്ഷയും അതിന്റെ ഫലവും നമ്മുടെ നിയന്ത്രണത്തിലുള്ളതല്ല. എന്നിരുന്നാലും മികച്ച വിജയം കൈവരിക്കാൻ വേണ്ടി പരിശ്രമിക്കുക എന്നത് നമ്മുടെ കടമയാണ്.

8. ചിട്ടയായ ദിനചര്യകൾ: പരീക്ഷാകാലത്തു ആരോഗ്യകരമായ ദിനചര്യ വളരെ പ്രാധാന്യമുള്ളതാണ്. മതിയായ ഉറക്കം, ശരിയായ ഭക്ഷണരീതി, വ്യായാമം, ആവശ്യത്തിന് വെള്ളം കുടിക്കുക, ചെറിയ ഇടവേളകൾ, സ്വയപരിപാലനം ഇവയെല്ലാം കുട്ടികളിൽ ഉണർവും അതുപോലെ തന്നെ കാര്യക്ഷമതയും നൽകാൻ സഹായിക്കുന്നു.

9. മാതാപിതാക്കളോട്: നിങ്ങളുടെ കുട്ടിയുടെ പഠനത്തെ ഏറ്റവും അധികം ബാധിക്കുന്നത്‌ നിങ്ങൾക്ക് അവരോടുള്ള മനോഭാവമാണ്. നമുക്ക് അവരുടെ കഴിവിൽ പൂർണ്ണ വിശ്വാസമുണ്ട് എന്ന തോന്നൽ അവർക്ക് കൂടുതൽ ധൈര്യം നൽകും. അത് പോലെ തന്നെ സമാധാനപരമായ ഗൃഹാന്തരീക്ഷം ഒരുക്കി കൊടുക്കുന്നത് വഴിയും കുട്ടിയെ ഒരു പരിധി വരെ മാനസികമായി തയ്യാറാക്കാൻ സാധിക്കുന്നു. പരീക്ഷ ഫലം എന്ത് തന്നെ ആയാലും അവരോടൊപ്പം നമ്മൾ ഉണ്ടാവും എന്ന വിശ്വാസം അവർക്കു നൽകുക. ഇത് കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും.

എഴുതിയത്: വിദ്യ.N, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
കടപ്പാട്: ബോധിനി ടീം