പ്രണയം കൊലപാതകത്തിൽ അവസാനിക്കുന്നത് നാൾക്കുനാൾ വർധിച്ചുവരികയാണ്. നിങ്ങൾ പ്രണയത്തിലായിരുന്നപ്പോൾ പങ്കുവെച്ച ഫോട്ടോകളും, വീഡിയോകളും, മെസേജുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും, അശ്ലീല വീഡിയോകളോ, ഭീഷണികളോ ആക്കി ഉപയോഗിക്കുന്നതും കൂടിവരികയാണ്. പ്രണയനൈരാശ്യത്തെ എങ്ങനെ അതിജീവിക്കാം എന്നും എങ്ങനെ നന്നായി ജീവിക്കാം എന്നതിനും ഉള്ള മാർഗ്ഗങ്ങളാണ് താഴെ പ്രതിപാദിക്കുന്നത്.
അറിയണം ഇതൊന്നും പ്രണയമല്ല.
- എന്‍റെ ഇഷ്ടത്തിനനുസരിച്ച് മാത്രം പെരുമാറിയാൽ മതി എന്ന വാശി.
- അനുസരിച്ചില്ലെങ്കിൽ വൈകാരികമായ ബ്ലാക്ക്മെയിൽ.
- എവിടെ പോകണം, ആരോടൊക്കെ മിണ്ടണം, ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങൾക്ക് നിയന്ത്രണം.
- നിനക്ക് ഞാൻ ഉണ്ടല്ലോ എന്ന് മധുരത്തിൽ പൊതിഞ്ഞ വാക്കുകൾ. ( ഇത് ഒരു നീരാളിപ്പിടുത്തത്തിന്റെ തുടക്കമാണ്)
- ഫോണിലെ കോൾലിസ്റ്റ്, മെസ്സേജുകൾ തുടങ്ങിയവയെല്ലാം പരിശോധിക്കുന്നത്.
- എല്ലാ ബന്ധങ്ങളിൽ നിന്നും ഒറ്റപ്പെടുത്തി അകറ്റി നിർത്തിയതിനുശേഷം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നവർ.
- നീ പോയാൽ ഞാൻ ചത്തുകളയും, എന്നെ കൈവിട്ടാൽ നിന്നെ കൊല്ലും എന്ന പറച്ചിലുകൾ.
- ശരീരത്തിൽ മുറിവുണ്ടാക്കി ചിത്രമെടുത്ത് അയക്കുന്നത്.
ഇത്തരത്തിലുള്ള മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നവരാണെങ്കിൽ ഉടനടി മനഃശാസ്ത്രപരമായ സഹായം തേടുക.
അങ്ങനെയുള്ള ബന്ധങ്ങളെ മനസ്സിലാക്കി ഉൾക്കൊള്ളുക.
അല്ലെങ്കിൽ അത് നിങ്ങളുടെ തന്നെ ജീവിതം നഷ്ടമാക്കിയേക്കാം.
ദോഷകരമായ ബന്ധത്തിൽ നിന്ന് എങ്ങനെ പിൻതിരിയാം
- പ്രശ്നക്കാരായ പങ്കാളികളിൽ നിന്ന് നയപരമായി പിൻവാങ്ങുക.
- അവർ അമിതമായി ദേഷ്യം ഉള്ളവരാണെങ്കിൽ ബന്ധത്തിൽ നിന്നും പിൻവാങ്ങുന്ന വിവരം ഫോൺ മുഖേനയോ മറ്റോ അറിയിക്കുക. വിശ്വസ്തരായവരുടെ സഹായം തേടുകയും സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറുകയും ചെയ്യുക.
- അവരുമായി തർക്കിക്കുകയോ അവരെ പ്രകോപിപ്പിക്കുകയോ ചെയ്യാതിരിക്കുക.
- തെറ്റായ പ്രതീക്ഷകൾ അവർക്ക് നൽകാതിരിക്കുക.
- അവർ എത്ര തന്നെ നിർബന്ധിച്ചാലും ഒറ്റയ്ക്കുള്ള കൂടികാഴ്ച്ചകൾ ഒഴിവാക്കുക.
- നിങ്ങളുടെ ഏതെങ്കിലും അക്കൗണ്ട് പാസ്സ്‌വേർഡുകൾ അവരുമായി പങ്കുവെച്ചിട്ടുണ്ടെങ്കിൽ, അവ സൂക്ഷിച്ച് മാറ്റാൻ ശ്രദ്ധിക്കുക.
- വേർപിരിയുന്നതിന് മുമ്പ് നിങ്ങളുടെ എല്ലാ ഐഡി കാർഡുകളും മറ്റ് പ്രധാന രേഖകളും അവരുടെ കയ്യിൽ ഉണ്ടെങ്കിൽ അവരിൽ നിന്നും എടുക്കാൻ ശ്രമിക്കുക.
- അവർ നിങ്ങളെ ഭീഷണിപ്പെടുത്തിയാൽ അവരോടൊപ്പം ഒരു ജീവിതം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് ശാന്തമായി മനസ്സിലാക്കി കൊടുക്കുക.
- നല്ല ബന്ധത്തിലായിരുന്നപ്പോൾ എടുത്ത സ്വകാര്യ ഫോട്ടോകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാൽ ഭീഷണിക്കു വഴങ്ങാതിരിക്കുക. അത്തരം ഭീഷണികൾക്ക് വഴങ്ങിക്കൊടുത്താൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാവുകയേയുള്ളു.
- അവർ നിങ്ങളെ ഭീഷണിപ്പെടുത്തിയാൽ, അവരുടെ പ്രവൃത്തികൾ വലിയ പ്രശ്നങ്ങളിൽ ചെന്ന് അവസാനിക്കുമെന്നും കുടുംബബന്ധങ്ങളെ വരെ അത് ബാധിക്കുമെന്നും ശാന്തമായി പറഞ്ഞു മനസ്സിലാക്കുക.
- ഭീഷണി തുടരുകയാണെങ്കിൽ പോലീസിന്റെ സഹായം തേടുക.
- നിങ്ങൾക്കു ചുറ്റുമുള്ളവരുടെ പിന്തുണ തേടുക എന്നതാണ് ചെയ്യാൻ പറ്റുന്ന ഏറ്റവും സുരക്ഷിതവും അനുയോജ്യവുമായ കാര്യം.
പ്രണയ നൈരാശ്യം -: അതിജീവനം
- പ്രണയബന്ധങ്ങൾ മനോഹരമാണ്. പക്ഷെ ചില സാഹചര്യങ്ങൾ മൂലം അത് അവസാനിച്ചേക്കാം.
- ഇത്തരം സാഹചര്യങ്ങളെ അംഗീകരിക്കുക, ഉൾക്കൊള്ളുക അതിൽ നിന്നും പുറത്ത് വരാനുള്ള സാവകാശം സ്വയം നൽകുക.
- ഈ സാഹചര്യവും കടന്ന് പോകുമെന്ന് വിശ്വസിക്കുക.
- സ്വയം കുറ്റപ്പെടുത്തുകയോ കഴിഞ്ഞ കാര്യങ്ങളെ ഓർത്ത് വിഷമിക്കുകയോ ചെയ്യരുത്.
- സ്വയം ശക്തരാകുവാൻ ശ്രമിച്ച് കൊണ്ടിരിക്കുക. നിങ്ങളുടെ ഗുണങ്ങളിലും,കഴിവുകളിലും വിശ്വസിക്കുക. അതിനായി നിങ്ങൾക്ക് വിശ്വാസമുള്ള ആളുകളുമായി മനസ്സ് തുറക്കുക.
- നന്നായി ജീവിക്കുക എന്നതാണ് സ്വയം നൽകാവുന്ന ഏറ്റവും വലിയ സമ്മാനം.
- പ്രണയബന്ധത്തിന്‍റെ തകർച്ചയിൽ മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയോ ഭയപെടുത്തുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തിലെ വിലയേറിയ പലതും നിങ്ങൾക്ക് നഷ്ടമായേക്കാം.
- പ്രണയനൈരാശ്യത്തിൽ സോഷ്യൽ മീഡിയയിൽ അവരെ പിന്തുടരാതിരിക്കുക. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിച്ചേക്കാം.
- മനസ്സ് സ്വയം ശാന്തമാക്കിയതിന് ശേഷം അവരോട് ക്ഷമിക്കുക. അവരെ സ്വയം ജീവിതം നയിക്കാൻ അനുവദിക്കുക.
- നിങ്ങൾ എപ്പോഴും സുഹൃത്ബന്ധങ്ങളിലും ഇഷ്ടപ്പെട്ട പുസ്തകങ്ങളിലും കൂടുതൽ സമയം വിനിയോഗിക്കുക.
- ആ വ്യക്തിയുമായി യാതൊരുവിധ ബന്ധത്തിനും മുതിരാതിരിക്കുക. അത്തരം സാഹചര്യങ്ങൾ നിങ്ങളുടെ മുറിവിനെ വ്രണപ്പെടുത്താൻ ഇടയാക്കാം.
- കുറച്ചു നാളുകൾ അവരുമായി സമ്പര്‍ക്കമില്ലാത്തപ്പോള്‍ നിങ്ങളുടെ വേദന കുറയുകയും മനസ്സിനെ മറ്റുളള കാര്യങ്ങളിലേക്ക് കേന്ദ്രീകരിക്കാനും സാധിക്കും.
- പ്രണയനൈരാശ്യത്തിന് ശേഷം നിങ്ങൾക്കുണ്ടായ മാനസിക വിഷമത്തിൽ നിന്നും മുക്തി നേടാനായി ഉടൻ തന്നെ മറ്റൊരു ബന്ധത്തിലേക്ക് പോകാതിരിക്കുക. ശരിയായ തീരുമാനം എടുക്കാൻ മനസ്സ് പാകമാകുന്നത് വരെ കാത്തിരിക്കുക.
- മനസ്സിന്‍റെ വേദന കുറയ്ക്കാൻ വേണ്ടി ഒരിക്കലും യാതൊരു വിധ ലഹരിക്കും അടിമപ്പെടരുത്.
- നിങ്ങൾക്ക് മുന്നിൽ അതിമനോഹരമായ ഒരു ജീവിതമുണ്ട്.
രക്ഷിതാക്കളോട്
- നിങ്ങളുടെ കുട്ടികളെ ചേർത്തുപിടിക്കുക. അവരെ വിലയിരുത്താതിരിക്കുക, കുറ്റപ്പെടുത്താതിരിക്കുക.
- അവർ മാനസിക സംഘർഷങ്ങളിലൂടെ കടന്നു പോകുന്നവരാണ്. അവരോടൊപ്പം നിൽക്കുക.
- ഒരു അപകടത്തിനു ശേഷം അവരുടെ മുറിവുണങ്ങാൻ എങ്ങനെയാണോ നിങ്ങൾ സഹായിക്കുന്നത്, അതുപോലെ അവരുടെ മനസ്സിനേറ്റ മുറിവിനെയും സുഖപ്പെടുത്താൻ അവരെ സഹായിക്കുക.
സുഹൃത്തുക്കളോട്
- നിങ്ങളുടെ കൂട്ടുകാർ പ്രണയ നൈരാശ്യത്തിൽ ആയിരിക്കുമ്പോൾ അവരെ കളിയാക്കരുത് (ഉദാ: തേച്ചിട്ടു പോയി, ചതിച്ചു എന്നിങ്ങനെയുള്ള വാക്കുകൾ പറഞ്ഞ് വേദനിപ്പിക്കാതിരിക്കുക) അവരോടൊപ്പം നിൽക്കുക, അവരെ സമാധാനിപ്പിക്കുക.
- അവർ അവിവേകം ഒന്നും പ്രവർത്തിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.
- ഒരു നല്ല ജീവിതം നയിക്കാൻ അവരെ സഹായിക്കുക, അതുതന്നെയാണ് ഒരു നല്ല സുഹൃത്ബന്ധത്തിന്റെ പ്രാധാന്യം.
With gratitude for the inputs from Dr CJ John.
Please do share. With love and healing;
Team Bodhini
Helplines
Emergency Response Number: 112
Mitra (Women Helpline): 181
For online safety issues: 1930
Women in distress: 1091
Police emergency number: 100
അനുബന്ധം
ടോക്സിക് റിലേഷൻഷിപ്പിന് ശേഷം രക്ഷിതാക്കളും സുഹൃത്തുക്കളും നൽകേണ്ട പിന്തുണ
👉🏻രക്ഷിതാക്കൾക്കായി
- അവർക്ക് പറയാനുള്ളത് കുറ്റപ്പെടുത്താതെ കേൾക്കുക, അവരുടെ വികാരങ്ങളെ അംഗീകരിക്കുക. “ഇത് നിന്റെ തെറ്റല്ല” എന്ന് ബോധ്യപ്പെടുത്തുക.
- അവരുടെ ഉറക്കം, ഭക്ഷണം, മാനസികാവസ്ഥ ശ്രദ്ധിച്ച് ദൈനംദിന കാര്യങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുക.
- ഒറ്റപ്പെടുത്താതെ പൂർണ്ണ പിന്തുണ നൽകുക. ആത്മവിശ്വാസത്തോടെ സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക.
- പഴയ ടോക്സിക് ബന്ധത്തെ മറക്കാൻ അവരെ സമ്മർദം ചെലുത്താതെ, അവരുടെ സ്വാഭിമാനം, സ്വപരിചരണം തിരിച്ചുപിടിക്കാനായി പോസിറ്റീവായി സംസാരിക്കുക.
- അവരുടെ “കഴിഞ്ഞ കാലം ഒരിക്കലും ഇനിയുള്ള ജീവിതത്തെ സ്വാധീനിക്കില്ല” എന്നതു പോലുള്ള പോസിറ്റീവ് വാക്കുകൾ പറയുകയും, ഭാവിയിലുണ്ടാകുന്ന ബന്ധങ്ങളോടുള്ള പേടി മാറ്റാനായി സ്നേഹത്തോടെ കാര്യങ്ങളെ പറഞ്ഞ് മനസ്സിലാക്കുക.
- അവരുടെ സ്വകാര്യതയെ മാനിക്കുക, അവർക്കായി സുരക്ഷാ പദ്ധതി ഒരുക്കാൻ സഹായിക്കുക. അടിയന്തര നമ്പറുകൾ, വിശ്വാസമുള്ള ആളുകൾ തുടങ്ങിയവ ഉറപ്പാക്കുക.
- കുട്ടിക്ക് ടോക്സ്സിക്ക് റിലേഷൻഷിപ്പിൽ നിന്നും ഉണ്ടായ മാനസിക സമ്മർദ്ദം തുറന്ന് പറയാൻ സുരക്ഷിത ഇടം നൽകുക.
- അവരുടെ തന്നെ ചുറ്റുപാടിൽ നിന്നുകൊണ്ട് മാറ്റങ്ങൾ ഉണ്ടാക്കാം എന്ന തോന്നൽ / സാഹചര്യം ഉണ്ടാക്കുക.
- ഫോൺ ഉപയോഗവും, അപകടത്തിലേക്ക് കൊണ്ടുപോയേക്കാവുന്ന പെരുമാറ്റങ്ങളും സാഹചര്യങ്ങളും സൂക്ഷ്മമായി ശ്രദ്ധിച്ച് അതിൽ നിന്നും പുറത്തുകടക്കാനുള്ള പിന്തുണ നൽകുക.
- ഇത് ആർക്കും സംഭവിക്കാം പക്ഷെ ഇനി ഒരിക്കലും ഇങ്ങനെയുള്ള ടോക്സിക് ബന്ധങ്ങളിലേക്ക് പോകാതിരിക്കാനായി സൂക്ഷിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക.
- സ്വയം കുറ്റപ്പെടുത്തുന്നത് തിരുത്തി ചെറിയ കാര്യങ്ങളിലൂടെയാണെങ്കിലും നല്ല തീരുമാനങ്ങൾ എടുക്കാനുള്ള അവരുടെ കരുത്തിനെ പ്രോത്സാഹിപ്പിക്കുക.
- ആവശ്യമായാൽ കൗൺസിലിംഗിനായി പ്രോത്സാഹിപ്പിക്കുക.
സുഹൃത്തുക്കൾക്കായി
- മുൻവിധി കൂടാതെ അവർ പറയുന്നത് കേൾക്കുക. സംസാരിക്കാൻ, കരയാൻ, തുറന്ന് പറയാനൊക്കെ സുരക്ഷിത ഇടം നൽകുക.
- നെഗറ്റീവ് സംസാരം, പിന്തുടർന്ന് ഉപദ്രവിക്കൽ, പ്രതികാരം, സ്വയം കുറ്റപ്പെടുത്തൽ ഒന്നും പ്രോത്സാഹിപ്പിക്കരുത്.
- ബ്രേക്കപ്പിനെ ഒരു ചെറിയ കാര്യം എന്ന് പറയാതെ അവർ പറയുന്ന കാരങ്ങൾ തടസപ്പെടുത്താതെ കേട്ടുകൊണ്ട് ഇനി മുന്നോട്ട് നല്ല പ്രവർത്തികൾ ചെയ്യാനായി ആത്മവിശ്വാസം നൽകുക.
- ഞങ്ങൾ എന്നും നിന്നോടൊപ്പമുണ്ട് എന്ന് തുടർച്ചയായ പിന്തുണ നൽകുക. പിറന്നാൾ / ചെറിയ നേട്ടങ്ങൾ എന്നിവ ആഘോഷിച്ച് സ്വാഭിമാനം പ്രോത്സാഹിപ്പിക്കുക.
- ടോക്സിക് പങ്കാളിയെക്കുറിച്ച് വെറുപ്പിക്കുന്ന കാര്യങ്ങൾ പറയുകയോ, ടോക്സിക് റിലേഷൻഷിപ്പിനെക്കുറിച്ച് വീണ്ടും സംസാരിക്കുകയോ ചെയ്യരുത്.
- അവരെ കൂടുതൽ കൂട്ടായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുക. ഇത് അമിതചിന്ത കുറയ്ക്കാനും പോസിറ്റീവ് ചിന്തകളിലേക്ക് നയിക്കാനും സഹായിക്കും.
- ഇനിയും ശ്രമിക്കാം എന്നതു പോലുള്ള തെറ്റായ സംഭാഷണങ്ങൾ സുഹൃത്തിനെ വീണ്ടും മാനസിക കുഴപ്പങ്ങളിലേക്ക് കൊണ്ടുപോകാം. അതുകൊണ്ട് തെറ്റായ സ്വാധീനം ഒഴിവാക്കുക.
- സുഹൃത്തിൻ്റെ കഴിഞ്ഞ കാര്യങ്ങൾ മറ്റുള്ളവരോട് പങ്കുവയ്ക്കാതിരിക്കുക, കാരണം വിശ്വാസം വളരെ പ്രധാനമാണ്.
- മറ്റുള്ളവരുമായി സുഹൃത്തിനെ താരതമ്യം ചെയ്യരുത്.
- മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യരുത് എന്ന് സുഹൃത്തിനെ ഓർമ്മിപ്പിക്കുക.
- വീണ്ടും പഴയ ടോക്സിക് ബന്ധങ്ങളിലേക്ക് പോകുന്ന സാഹചര്യമുണ്ടായാൽ പതിയെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുക.
- സൗഹൃദ സംഭാഷണങ്ങൾക്കിടയിൽ ടോക്സിക് പങ്കാളിയെ എങ്ങനെ തിരിച്ചറിയാമെന്നും ആരോഗ്യപരമായ ബന്ധങ്ങളെക്കുറിച്ചും ഉദാഹരണ രൂപത്തിൽ സംസാരിക്കുക.
- തിടുക്കപ്പെട്ട് തീരുമാനം എടുക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധയോടെ കൂടെ നിൽക്കുക.
- മാനസിക ആത്മവിശ്വാസം ഉറപ്പു നൽകി ആവശ്യമെങ്കിൽ കൗൺസിലിംഗിനായി പ്രോത്സാഹിപ്പിക്കുക.
👉🏻കുടുംബവും സുഹൃത്തുക്കളും ഒത്തുചേർന്ന് ചെയ്യേണ്ടത്.
- ഒറ്റപ്പെടൽ, നിരന്തരഭയം, ആശങ്ക, സാമൂഹിക ഇടപെടലുകളിൽ നിന്ന് പിന്മാറ്റം തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കുക.
- അവർക്ക് ചുറ്റും സുരക്ഷിത വലയം ഉണ്ടെന്ന് തോന്നിപ്പിക്കുക.
- സോഷ്യൽ മീഡിയയിൽ നിന്നും ഇടവേള എടുക്കാൻ സാവധാനം പിന്തുണ നൽകുക.
- പഴയ കാര്യങ്ങൾ ഓർക്കുന്നത് സാധാരണമാണെന്നും മോശമായ അനുഭവങ്ങളിൽ നിന്നും പുറത്തു കടക്കുന്നത് സാവധാനമായ പ്രക്രിയയാണെന്നും പറഞ്ഞ് മനസ്സിലാക്കുക.
- നല്ല ഒരു ഭാവി അവരുടെ മുന്നിൽ ഉണ്ടെന്ന് അവരെ ഓർമ്മിപ്പിക്കുക.
- അവർ തെറ്റായ ആളുകളിലേക്കോ അപകടകരമായ ഇടങ്ങളിലേക്കോ പോകുന്നില്ലെന്ന് ഉറപ്പുവരുത്തുക.
- മനസ്സിൻ്റെ മുറിവുകൾ ഉണങ്ങാൻ സമയമെടുക്കും എന്ന് അവരെ പറഞ്ഞു മനസ്സിലാക്കുക.
- അവർക്ക് ഇനിയും നല്ലൊരു ജീവിതം മുന്നിലുണ്ട് എന്ന് തിരിച്ചറിയാൻ സഹായിക്കുക.
- ഡയറി എഴുതുന്നതിനെ പ്രോത്സാഹിപ്പിക്കുക.
- ആരോഗ്യകരമായ മനസ്സിന് ആരോഗ്യകരമായ ശരീരം അനിവാര്യം ആണ്. അതിനായി വ്യായാമം, സ്പോർട്സ് തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുക.
- മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് കൗൺസിലിംഗ് പ്രോത്സാഹിപ്പിക്കുക, കൂടാതെ സംഗീതം, വായന പോലുള്ള ഇഷ്ടവിനോദങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക.
എഴുതിയത്: രേഷ്മ എൻ. ആർ
തീയതി: 11/08/2026

