• സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് മാറുക. വിശ്വാസം ഉള്ള ഒരാളുടെ സഹായം തേടുക.
 • ലൈംഗിക ആക്രമണം നടത്തുന്ന ആളാണ് കുറ്റവാളി. ഒരിക്കലും ആക്രമിക്കുന്നപ്പെടുന്ന ആളിന്റെ തെറ്റ് കാരണമല്ല അത് സംഭവിക്കുന്നത്.
 • പ്രഥമ ശുശ്രൂഷക്കും തെളിവുകള്‍ ശേഖരിക്കുവാനും ഉടനടി വൈദ്യസഹായം തേടുക, ഗര്‍ഭധാരണത്തിനും ലൈംഗികരോഗങ്ങള്‍ക്കും ഉള്ള സാധ്യത പരിശോധിക്കുവാനും വൈദ്യസഹായം അത്യാവശ്യമാണ്.
 • വൈദ്യപരിശോധനയിലൂടെ തെളിവൂകള്‍ ശേഖരിക്കുന്നതിന് മുന്‍പ്, കുളിക്കുകയോ, പല്ലുതേയ്ക്കുകയോ, ശരീരഭാഗങ്ങള്‍ വൃത്തിയാക്കുകയോ ചെയ്യരുത്.
 • ആക്രമണത്തിന്റെ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ വൃത്തിയാക്കാന്‍ ശ്രമിക്കരുത്. ഈ പ്രധാനപ്പെട്ട തെളിവുകള്‍ പ്രത്യേക കവറിലോ, ബാഗിലോ അടച്ചു സൂക്ഷിക്കുക.
 • നിങ്ങളെ ആരെങ്കിലും അപായപ്പെടുത്തുവാനോ, ഭീഷണിപ്പെടുത്തുവാനോ ശ്രമിച്ചാല്‍ ഉടനടി സഹായം തേടുക.
 • നിങ്ങൾക്ക് ഭയമോ കുറ്റബോധമോ ലജ്ജയോ തോന്നാൻ ഒരു കാരണവുമില്ലെന്ന് എപ്പോഴും ഓർക്കുക. സംഭവിച്ചത് നിങ്ങളുടെ തെറ്റുകൊണ്ടല്ല .
  മനോഹരമായ ഒരു ജീവിതം നിങ്ങൾക്ക് മുന്നിലുണ്ട് .അതു നന്നായി ജീവിക്കുക. എന്നതാണ്
  നിങ്ങൾക്ക് സ്വയം നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം.
 • മാനസിക ആഘാതത്തില്‍ നിന്ന് മോചനം നേടുവാന്‍ കൗണ്‍സിലിംഗ് സ്വീകരിക്കുക.

നിങ്ങളുടെ അവകാശങ്ങള്‍

 • ഏത് പോലീസ് സ്റ്റേഷനിലും ലൈംഗികാക്രമണത്തെക്കുറിച്ച് പരാതി നല്‍കാം. പരാതി നല്‍കാന്‍ സമയ പരിധിയില്ല. പക്ഷെ, തെളിവുകൾ ശേഖരിക്കാൻ ഏറ്റവും നല്ലത് പെട്ടെന്ന്തന്നെ പരാതി നൽകുന്നതാണ്.
 • വേണമെങ്കില്‍ ഒരു വനിതാ പോലീസിന്റെ സഹായം ആവശ്യപ്പെടാം.
 • നിങ്ങള്‍ പ്രായപൂര്‍ത്തി ആയ വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് സ്വയം തീരുമാനിക്കാം പരാതി നല്‍കണോ വേണ്ടയോ എന്നത്, അതില്‍ ആര്‍ക്കും നിങ്ങളെ നിര്‍ബന്ധിക്കാനാവില്ല.
 • മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് ലഭിക്കാൻ നിങ്ങള്‍ക്ക് അവകാശമുണ്ട്.
 • നിങ്ങളുടെ പേരോ മറ്റു വിവരങ്ങളോ പരസ്യപ്പെടുത്താതിരിക്കാനും സ്വകാര്യത കാത്ത് സൂക്ഷിക്കാനുമുള്ള അവകാശം നിങ്ങള്‍ക്കുണ്ട്.
 • മജിസ്‌ട്രേറ്റിനു മുന്‍പാകെ സ്വകാര്യമായി മൊഴി നേരിട്ട് രേഖപ്പെടുത്താവുന്നതാണ്.
 • നിങ്ങള്‍ക്ക് സൗജന്യമായി നിയമസഹായം ലഭിക്കാനും അവകാശമുണ്ട്.